മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹപ്രതിജ്ഞ പുതുക്കി തമിഴ്സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും.
ഇരുപതാം വിവാഹവാർഷികത്തിലാണ് ഇരുവരും ഈ പ്രതിജ്ഞ പുതുക്കിയത്. ചർച്ച് വെഡിംഗ് ആണ് ഇവർ തെരഞ്ഞെടുത്തത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്.
ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചു. ‘ദ് സീക്വൽ - 20 വർഷത്തെ സ്നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ’ എന്നാണ് വിഡിയോയ്ക്ക് ജ്യോതിക നൽകിയ അടിക്കുറിപ്പ്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു സൂര്യയും ജ്യോതികയും വിവാഹത്തിന്റെ 20-ാം വർഷം പൂർത്തിയാക്കിയത്. വിദേശത്ത് വച്ച് നടന്ന ചർച്ച് വെഡ്ഡിംഗിലൂടെയായിരുന്നു ഈ മനോഹരനിമിഷം അവർ പുനരവതരിപ്പിച്ചത്.
മകളുടെ കൈപിടിച്ചാണ് സൂര്യ ചടങ്ങ് നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിയത്. ജ്യോതിക എത്തിയത് മകൻ ദേവിന്റെ കൈപിടിച്ചാണ്. സഹോദരൻ കാർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ജ്യോതികയുടെ വാക്കുകൾ
തുടർച്ച: 20 വർഷത്തെ ഞങ്ങളുടെ പ്രണയത്തിന്റെയും പോരാട്ടങ്ങളുടെയും ആഘോഷമായൊരു പ്രതിജ്ഞ പുതുക്കൽ. അല്ല, ഇതൊരു തികഞ്ഞ ദാമ്പത്യത്തിന്റെ ആഘോഷമല്ല. ഇത് അപൂണതകളുടെ, വിട്ടുവീഴ്ചകളുടെ, പരസ്പരം മനസിലാക്കലുകളുടെ, ത്യാഗങ്ങളുടെ, നിസ്വാർഥമായി സ്നേഹിക്കുന്നതിന്റെആഘോഷമാണ്.
ഇത് ഞങ്ങളുടെ ആഘോഷമാണ്. ഞങ്ങൾക്ക് വേണ്ടി ഞങ്ങൾ മാറിയതിന്റെയും പരസ്പരം ചേർന്ന് വളർന്ന മനുഷ്യരുടേയും ആഘോഷം. എത്ര വിചിത്രമാണ്... ഒരിക്കൽ യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്ന് തോന്നിയ ഒരു സ്വപ്നം.